കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശിയായ ഗോപാലകൃഷ്ണന്റെ മകൻ ചന്തുവിനെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസമായി ചന്തുവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെ ചന്തുവിന്റെ വീടിനടുത്തുള്ള കുന്നിൻമുകൾ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് അന്വേഷണം ആ ഭാഗത്തേക്ക് നീങ്ങിയത്.
തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടെത്തി. പൂയപ്പള്ളി പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













