ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി രാജ്യസഭാംഗവും പാർട്ടി നേതാവുമായ സുഷ്മിത ദേവ് രാജിവെച്ചു. തൃണമൂൽ നേതാവും രാജ്യസഭാംഗവുമായിരുന്ന സുഖേന്ദു ശേഖർ റോയ് രാജിവെച്ചതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിലാണ് മറ്റൊരു പ്രമുഖ നേതാവിന്റെ പടിയിറക്കം.
രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് സുഷ്മിത ദേവ് രാജി സമർപ്പിച്ചത്. തന്റെ രാജി ഉടൻ പ്രാബല്യത്തിൽ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജിക്കുശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയോടൊപ്പം ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സുഷ്മിത ദേവ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “ഇതിൽ അസം ബന്ധം മാത്രമാണുള്ളത്” എന്നായിരുന്നു സുഷ്മിതയുടെ പ്രതികരണം.
അസമിലെ സിൽച്ചറിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ കോൺഗ്രസ് എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അന്ന് ജനസേവനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് അവർ വ്യക്തമാക്കിയിരുന്നു.
അസമിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളാണ് 53-കാരിയായ സുഷ്മിത ദേവ്. കോൺഗ്രസിന്റെ വനിതാ വിഭാഗമായ ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
സുഷ്മിത ദേവ് ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ രാജി.






