കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
റാഗിങ് കേസുകളിൽ കൂടുതൽ കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമഭേദഗതിക്കായുള്ള കരട് കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ സമർപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഭരണമാറ്റത്തെ തുടർന്ന് നിലവിലെ സ്ഥിതി വിശദീകരിക്കാൻ സർക്കാർ അഭിഭാഷകൻ സമയം തേടി. ഹർജി ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്.
റാഗിങ് തടയുന്നതിനായി ശക്തമായ നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.






