കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുൻപ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ രംഗത്തെത്തി.
‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വയ്യാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാകാന്‍ കാരണം. ഭരിക്കുന്നവര്‍ ശരിയല്ല, അതുകൊണ്ടുതന്നെയാണ്’ എന്നായിരുന്നു മുന്‍പ് കെ മുരളീധരന്‍ പറഞ്ഞത്.
ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചു. കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം. മുന്‍പ് തന്നെ നിപ റാണി എന്ന് വിളിച്ച് അപമാനിച്ചിരുന്നു എന്നും കൂട്ടിച്ചേർത്തു.
കെ മുരളീധരന്‍ നടത്തിയ പ്രസംഗം പലരും അയച്ചു നല്‍കിയിരുന്നുവെന്നും ശരി തെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നുമായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്. രോഗപ്രതിരോധത്തിന് കക്ഷി രാഷ്ട്രീയം നോക്കാതെ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും, രോഗവ്യാപനം തടയുന്നതിനും രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും മുൻഗണന നൽകണമെന്നും അവർ വ്യക്തമാക്കി.
മുരളീധരനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും രംഗത്തെത്തിയിരുന്നു. മഹാമാരികളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്.
അതേസമയം, സംസ്ഥാനത്തു വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.






