തൃശ്ശൂർ: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള തീരുമാനത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധത്തിലേക്ക്. ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.
19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്ന ഇന്ധന, ഇന്‍ഷുറന്‍സ്, സ്റ്റാന്‍ഡ് ഫീസ് മുതലായ ആനുകൂല്യങ്ങള്‍ സ്വകാര്യ ബസുകള്‍ക്കും ലഭ്യമാക്കുക, ഡീസല്‍ സബ്‌സിഡി, ഇന്‍ഷുറന്‍സ് ഇളവ്, യാത്രാ നിരക്ക് പരിഷ്കരണം പൊതുസേവന ആവശ്യങ്ങള്‍ക്ക് അനുകൂല പാക്കേജ് നൽകുക എന്നിവയാണ് സ്വകാര്യ ബസ്സുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.






