മസ്കറ്റ്: ഒമാനിൽ ഷിനാസ് തുറമുഖത്തിന് സമീപം വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരുടെ നിലയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ചേർന്ന് പ്രവർത്തനം തുടരുകയാണ്.






