തിരുവനന്തപുരം: ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് സപ്ലൈകോയും. ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ് ആണ് വന്നിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പ്രത്യേക ഓഫർ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അർജന്റീന മൂന്ന് ഗോൾ നേടിയാൽ പായസം മിക്സിന് അടുത്ത മത്സരം ആരംഭിക്കുന്നതു വരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ കൂട്ടില്ല.
ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പിൽനിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.
ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ:
ബ്രസീൽ – ശബരി മഞ്ഞൾപ്പൊടി
ജർമനി – ശബരി അപ്പംപൊടി
നെതർലൻഡ്സ് – ശബരി സാമ്പാർപ്പൊടി
സ്പെയിൻ – ശബരി പുട്ടുപൊടി
അർജന്റീന – ശബരി പായസം മിക്സ്
ബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
പോർച്ചുഗൽ – ശബരി മുളകുപൊടി
ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട് – ശബരി ഉപ്പ്
മൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീ
ഫ്രാൻസ് – ശബരി ഗോൾഡ് ടീ






