കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രംഗപ്രവേശം ചെയ്യും. എന്നാൽ എന്താണ് ഈ ഫ്ളക്സ് ഫ്യുവൽ? വാഹനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ ഇത് കൊണ്ടുവരും? ഇപ്പോഴുള്ള വാഹനങ്ങൾ ഇനി എന്ത് ഇന്ധനം അടിക്കും എന്നിങ്ങനെ ജനങ്ങളുടെ മനസിൽ ഉരുണ്ടുകൂടുന്ന സംശയങ്ങൾ അനവധിയാണ്.
എഥനോൾ-പെട്രോൾ മിശ്രിതം ഇന്ധനമായി ഉപയോഗിക്കാനുള്ള ആശയമാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് പിന്നിൽ. സാങ്കേതികവിദ്യ എത്തിയാലും ആവശ്യത്തിന് എഥനോൾ ഇന്ധന സ്റ്റേഷനുകളിൽ ലഭ്യമാക്കിയാൽ മാത്രമേ ഈ മാറ്റം പൂർണമാവുകയുള്ളൂ. ഒപ്പം എഥനോൾ കലർന്ന പെട്രോൾ അടിക്കുമ്പോൾ വാഹനങ്ങൾക്ക് ഇന്ധനക്ഷമതയിൽ കാര്യമായ കുറവുണ്ടാവുന്നില്ലെന്നും കേടുപാടുകൾ സംഭവിക്കുന്നില്ലെന്നും ഉറപ്പിക്കുകയും വേണം. വാഗൺ ആർ ഫ്ളക്സ് ഫ്യുവലിന്റെ വരവ് ഇതിനൊരു തുടക്കമാണ്. ഈ ആഴ്ച്ചയുടെ തുടക്കത്തിലാണ് ഹീറോ മോട്ടോകോർപ് സ്പ്ലൻഡൻ പ്ലസ്, എച്ച്എഫ് ഡീലക്സ് എന്നിവയുടെ ഫ്ലെക്സ് ഫ്യുവൽ പതിപ്പുകളെ വിപണിയിലെത്തിച്ചത്. C20 മുതൽ C85 വരെയുള്ള എഥനോൾ മിശ്രിതങ്ങളിൽ ഓടാൻ സാധിക്കുന്നവയാണ് ഈ ബൈക്കുകൾ.
രാജ്യത്തെ എഥനോൾ ഉത്പാദനം വർധിപ്പിക്കാനും പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആണ് ഫ്ലെക്സ്- ഫ്യുവൽ വാഹനങ്ങളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും. കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഇത് കർഷകർക്കും സാമ്പത്തിക നേട്ടമാകും എന്ന പ്രതീക്ഷയുമുണ്ട്.
ഉയർന്ന അളവിൽ എഥനോൾ ചേർത്ത പെട്രോളിന് വലിയ പ്രോത്സാഹനമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഇതിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കിയത് തന്നെ പ്രധാന തെളിവ്. ഇ20ക്ക് മുകളിലുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായാണ് പുതിയ തീരുമാനം. സർക്കാർ വിജ്ഞാപനമനുസരിച്ച്, 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോളിന് ഇനി എക്‌സൈസ് തീരുവ ഉണ്ടായിരിക്കില്ല. ഇ22, ഇ25, ഇ27, ഇ30 എന്നീ ഇന്ധന വകഭേദങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
നേരത്തെ, എൽപിജി കുറച്ച് പിഎൻജി വ്യാപിപ്പിച്ചതിനോട് സാമ്യമായ നടപടി തന്നെയാണ് ഇവിടെ പെട്രോളിന്റെ കാര്യത്തിലും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കുകയും ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതും മലീകരണമില്ലാത്തതുമായ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിന്റെ മനസിലുള്ളത്.
എഥനോൾ ഇന്ധനത്തിലേക്കുള്ള ഈ മാറ്റം ഒറ്റയടിക്ക് എത്തിയതല്ല, പശ്ചിമേഷ്യൻ യുദ്ധവുമല്ല കാരണം. പക്ഷേ നീക്കം വേഗത്തിലാക്കി എന്നതാണ് യുദ്ധത്തിന്റെ റോൾ. 2018ൽ അവതരിപ്പിക്കുകയും 2022ൽ ഭേദഗതി വരുത്തുകയും ചെയ്ത ദേശീയ ബയോഫ്യൂവൽ നയത്തിൽ 2030ഓടെ 20 ശതമാനം എഥനോൾ മിശ്രിത ഇന്ധനം രാജ്യവ്യാപകമാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. എന്നാൽ ഈ ലക്ഷ്യം പ്രതീക്ഷിച്ചതിലും വേഗത്തിൽ കൈവരിക്കാനായി എന്നതാണ് പ്രത്യേകത. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യങ്ങളിൽ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇത് പല രീതിയിലും ഇന്ത്യയെ അലട്ടുന്ന പ്രശ്നമാണ്. രണ്ട് ഇന്ധന കപ്പലുകൾ എത്താതിരുന്നാൽ പോലും രാജ്യം സ്തംഭിക്കും എന്ന തിരിച്ചറിവ് ഹോർമൂസ് വിഷയത്തിലൂടെ ഇന്ത്യക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള പ്രധാന മാർഗമായി എഥനോളിനെ സർക്കാർ കണ്ടാൽ തെറ്റ് പറയാനുമില്ല.
ഇറക്കുമതിക്ക് പകരം ചെലവുകുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ആഭ്യന്തര ഇന്ധനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്കരി വ്യക്തമാക്കിയിരുന്നു. എഥനോൾ ഉപയോഗം മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കർഷകർക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്ന പോസിറ്റീവ് വശവുമുണ്ട്. മാത്രമല്ല, പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോൾ കാർബൺ ബഹിർഗമനം കുറയ്ക്കും.
നിലവിൽ ലിറ്ററിന് 82.12 രൂപയാണ് E85 പെട്രോളിന് ഡൽഹിയിലെ വില. സാധാരണ പെട്രോളിന് 102.12 രൂപ വിലയുള്ളപ്പോഴാണ് 20 രൂപ കുറവിൽ എഥനോൾ ഇന്ധനം വിപണിയിലെന്നത് സാധാരണക്കാർക്ക് ചെറിയ കാര്യമല്ല. ആദ്യ ഘട്ടത്തിൽ ഡൽഹി- എൻസിആർ, മുംബൈ-പുനെ- നാഗ്പൂർ കോറിഡോറുകളിലായി 100 ഇ85 സ്‌റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വർഷം അവസാനത്തോടെ ഇതിന്റെ എണ്ണം 500 ആയും 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമായി 5000 ഔട്ട്‌ലെറ്റുകളായും ഉയർത്താനാണ് ലക്ഷ്യം.






