ജലന്ധർ: പഞ്ചാബിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഡോക്ടറുമായ പീയുഷ് സൂദിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കപുർത്തല സിവിൽ ആശുപത്രിയിലെ ഡോ. മീനാക്ഷി (37) ബുധനാഴ്ച ജലന്ധറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് മകളുടെ മരണത്തിന് കാരണമായതെന്നാണ് മീനാക്ഷിയുടെ പിതാവിന്റെ പരാതി. പീയുഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പീഡനങ്ങൾ ആരംഭിച്ചതെന്നും, മകളുടെ അറിവില്ലാതെ അവളുടെ പേരിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ വായ്പ എടുത്തിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
നേത്രരോഗ വിദഗ്ധനായ പീയുഷ് ജലന്ധറിൽ സ്വകാര്യ കണ്ണാശുപത്രി നടത്തിവരികയാണ്. വിവാഹശേഷം ആശുപത്രി തുടങ്ങുന്നതിനുള്ള പണം മീനാക്ഷി വായ്പയെടുത്ത് നൽകിയതായും, 35 ലക്ഷം രൂപയുടെ വായ്പ പിന്നീട് സ്വന്തം ശമ്പളത്തിൽനിന്ന് തിരിച്ചടച്ചതായും കുടുംബം പറയുന്നു.
2023-ൽ ഭർത്താവിന്റെ രഹസ്യബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ രൂക്ഷമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മറ്റൊരു സ്ത്രീക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ മീനാക്ഷി കണ്ടെത്തിയതിന് പിന്നാലെ പീയുഷ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതായും, പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ ഫലിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി.
2025-ൽ പീയുഷ് കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. അന്ന് മീനാക്ഷി പൊലീസ് ഹെൽപ്ലൈനിൽ വിളിച്ച് സഹായം തേടിയിരുന്നുവെന്നും, അതിനുശേഷം ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും പിതാവ് പറഞ്ഞു.
അടുത്തിടെ വീട് വാങ്ങുന്നതിനായി വായ്പ തേടിയപ്പോഴാണ് തന്റെ പേരിൽ അറിവില്ലാതെ വൻതുകയുടെ വായ്പ എടുത്ത വിവരം മീനാക്ഷി അറിഞ്ഞത്. ഇതേക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും, തുടർന്ന് മകൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും പിതാവ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






