ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ജാർഖണ്ഡിലും മധ്യപ്രദേശിലും നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം.
ജാർഖണ്ഡിൽ സ്ഥാനാർഥിയുടെ പേര് പോലും കൃത്യമായി രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചപ്പോൾ, മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയെന്നാണ് കെ.സി. വേണുഗോപാൽ ആരോപിച്ചത്. വിഷയത്തിൽ സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. “രാജ്യത്ത് വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യത്തെ യുവാക്കൾ ആശങ്കയിലാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് അടുത്ത മൂന്ന് മാസക്കാലം രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദമായി കോൺഗ്രസ് മാറും. എല്ലാ നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകും. സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസും തൃണമൂൽ കോൺഗ്രസും ലയിക്കാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി കെ.സി. വേണുഗോപാൽ രംഗത്തെത്തി. അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളാൻ ബിജെപി മന്ത്രിമാരുടെ സമ്മർദമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ രാഷ്ട്രീയ പോരാട്ടം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.






