കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രോഗിയുടെ നില ഗുരുതരമാണെന്നും അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ വ്യക്തമാക്കി.
രോഗിയുമായി സമ്പർക്കപ്പട്ടികയിൽ 77 പേരെയാണ് ഇതുവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവർത്തകരുമുണ്ട്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 13 പേരെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
രോഗവ്യാപനം തടയുന്നതിനായി രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പരിശോധന നടത്താൻ റാപ്പിഡ് റെസ്പോൺസ് ടീം (RRT) തീരുമാനിച്ചു. ഓരോ വീടുകളിലും എത്തി ആരോഗ്യ പരിശോധനയും ലക്ഷണ നിരീക്ഷണവും നടത്തും.
രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രോഗബാധയുടെ ഉറവിടം ഗോഡൗണിലോ വീട്ടുവളപ്പിലോ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളിലോ നിന്നായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആവശ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കണ്ടെയ്ന്മെന്റ് നടപടികൾ കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.





