ബാങ്കോക്ക്: മൂന്ന് വർഷത്തോളമായി കോമയിൽ കഴിഞ്ഞിരുന്ന തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭ അന്തരിച്ചു. 47 വയസായിരുന്നു. വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് 2022 മുതൽ അവർ അബോധാവസ്ഥയിലായിരുന്നു. ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചതെന്ന് വെള്ളിയാഴ്ച രാജകൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
തായ് രാജാവ് മഹാ വജിരലോങ്കോണിന്റെ ഏഴ് മക്കളിൽ ഏറ്റവും മൂത്തയാളായ ബജ്രകിതിയാഭ, രാജകുടുംബത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളായിരുന്നു. രാജകീയ പിന്തുടർച്ചാവകാശ നിർണയത്തിൽ നിർണായക പങ്കുവഹിക്കാൻ സാധ്യതയുള്ള വ്യക്തിയായും അവർ വിലയിരുത്തപ്പെട്ടിരുന്നു. രാജകുമാരിയുടെ വിയോഗത്തിൽ തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ ടെലിവിഷൻ സന്ദേശത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.
പൊതുസേവന പ്രവർത്തനങ്ങളിലൂടെയും നീതിന്യായ പരിഷ്കരണ ശ്രമങ്ങളിലൂടെയും ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ വ്യക്തിയായിരുന്നു ബജ്രകിതിയാഭ. വനിതാ തടവുകാരുടെ പുനരധിവാസത്തിനായി ആരംഭിച്ച ‘കാംലാങ്ജായ്’ (ഇൻസ്പയർ) പദ്ധതി രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. രാജകുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയതും അവരുടെ ജനപ്രീതിക്ക് കാരണമായി.
അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അവർ, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ തായ് മിഷനിലും സേവനമനുഷ്ഠിച്ചു. പിന്നീട് അറ്റോർണി ജനറലായും ഓസ്ട്രിയയിലെ തായ് അംബാസഡറായും പ്രവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ വിരുദ്ധ വിഭാഗത്തിന്റെ ഗുഡ്‌വിൽ അംബാസഡറായും അവർ സേവനമനുഷ്ഠിച്ചിരുന്നു.
രാജകുമാരിയുടെ മരണത്തോടെ രാജകീയ പിന്തുടർച്ചാവകാശ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിൽ അവരുടെ അനുജനും രാജാവിന്റെ ഇളയമകനുമായ ദിപങ്കോൺ രാസ്മിജോതിയാണ് കിരീടാവകാശ നിരയിൽ മുന്നിലുള്ളത്. രാജകുമാരിയുടെ മരണവിവരമറിഞ്ഞ് നിരവധി പേർ ബാങ്കോക്കിലെ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.






