തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വയോധികയെ തെരുവുനായ ആക്രമിച്ചു. പനി ബാധിച്ച് വീടിനുള്ളില്‍ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. നായ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു.
തുറന്നു കിടന്ന വാതിലിലൂടെയാണ് നായ വീടിനുള്ളിൽ പ്രവേശിച്ചത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗിരിജയ്ക്കു കൈയിൽ കടിയേറ്റു. പരിക്കേറ്റ വയോധികയെ ഉടൻ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലമ്പലം കരവാരത്ത് ഇതിന് മുൻപ് നാല് പേരെയും തെരുവുനായകൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായകൾ ആക്രമിച്ചതായാണ് വിവരം. ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെ പരിശോധന നടത്തുന്നുണ്ട്. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന സംശയവും നിലനിൽക്കുന്നു.






