തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി സർക്കാർ ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ആരോഗ്യവകുപ്പ്. ഇതിനായി സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പ് കത്ത് നൽകി. ശബരിമലയിൽ സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസവും ഭക്ഷണ സൗകര്യവും ലഭിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൂടാതെ യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതുമൂലം ആരോഗ്യവകുപ്പിന് ജീവനക്കാരുടെയും സാമ്പത്തിക വിഭവങ്ങളുടെയും നഷ്ടമുണ്ടാകുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനാൽ ദേവസ്വം ബോർഡ് പ്രത്യേകമായി ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ദേവസ്വം കമ്മീഷണർക്ക് നൽകിയ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.






