കൊച്ചി: കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്‍ നിനോയുടെ വരവ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ കുറവുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. ഇനിയങ്ങോട്ട് കാര്യമായി മഴയുണ്ടാകാൻ സാധ്യതയില്ല. കാര്‍ഷിക മേഖലയേക്കാള്‍ ഉപരി ഈ വാര്‍ത്ത കെഎസ്ഇബിയെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. അടുത്ത ആഴ്ച്ച മുതൽ കാലവർഷം ദുർബലമാകും.
സംസ്ഥാനത്തെ മൊത്തം വൈദ്യുതി ആവശ്യകതയുടെ ഏകദേശം 75 ശതമാനവും സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വകാര്യ വൈദ്യുതി ഉല്‍പ്പാദകരില്‍ നിന്നും വാങ്ങിയാണ് കെഎസ്ഇബി കണ്ടെത്തുന്നത്. ബാക്കി വരുന്ന വൈദ്യുതി ആവശ്യകത മാത്രമാണ് ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ തുടങ്ങിയ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് പ്രയോജനപ്പെടുത്തുന്നത്.
ഡാമുകളിലെ ജലനിരപ്പ് ശരാശരി 21 ശതമാനമായി താഴ്ന്നിരിക്കുകയാണ്. നിലവിലെ ജലസംഭരണം അനുസരിച്ച് കെഎസ്ഇബിക്ക് ഇനി 851 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കൂ. കാലവര്‍ഷം ചതിക്കുകയും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്താല്‍ സംസ്ഥാനത്തിന് പൂര്‍ണ്ണമായും പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും.
തുടര്‍ച്ചയായ മൂന്ന് മാസങ്ങളിലെ സമുദ്രോപരിതല താപനിലയിലെ വ്യതിയാനം ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാല്‍ എല്‍ നിനോ സാഹചര്യം സ്ഥിരീകരിക്കാമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം ചൂടുപിടിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഇത് മുന്‍പും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ തകിടം മറിച്ചിട്ടുണ്ട്. ഇത് കാറ്റിന്റെ ഗതി ദുര്‍ബലപ്പെടുത്തുകയോ ചില തീവ്ര സാഹചര്യങ്ങളില്‍ മാറ്റുകയോ ചെയ്‌തേക്കാം. ഇതോടൊപ്പം തന്നെ മേഘവിസ്‌ഫോടനം പോലുള്ള പ്രാദേശികമായ തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമായേക്കാം.





