കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.
സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടിയിരുന്നുവെന്നാണ് കണ്ടെത്തൽ. ആശുപത്രികളിൽ ഉൾപ്പെടെ ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകൾ ലക്ഷ്യമിട്ട് സംഘം പ്രവർത്തിച്ചിരുന്നതായും അധികൃതർ അറിയിച്ചു.
അഞ്ച് ദിനാറിന്റെയും പത്ത് ദിനാറിന്റെയും സ്റ്റാമ്പുകളാണ് പ്രധാനമായും വ്യാജമായി നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റെയ്ഡിനിടെ ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ എന്നിവ അടക്കം നിർമ്മാണത്തിനുപയോഗിച്ച സാമഗ്രികൾ പിടിച്ചെടുത്തു. കൂടാതെ ഒരു ആശുപത്രിയിൽ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകൾ മോഷ്ടിച്ച് വ്യാജനിർമാണത്തിന് ഉപയോഗിച്ചതായും കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വ്യാജരേഖ നിർമ്മാണത്തിനെതിരെ പരിശോധനകൾ ശക്തമാക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.




