ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്തോളിൽ ഇന്ത്യൻ വംശജൻ ക്രൂരമായി കുത്തേറ്റു മരിച്ചു. 26 വയസ്സുകാരൻ ഗുർഭെജ് സിങ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു 30 വയസ്സിന് മുകളിലുള്ള വ്യക്തിക്കും അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു.
പഞ്ചാബിലെ തരൺ ജില്ലയിലെ മെഹ്ദുപുർ സ്വദേശിയാണ് ഗുർഭെജ് സിങ്ങിന്റെ കുടുംബം. ബുധനാഴ്ച പുലർച്ചെ സൗത്തോളിലെ ഡോർമേർസ് വെൽ ലെയ്‌നിലെ നോർത്ത് റോഡ് ജംഗ്ഷനിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഗുർഭെജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് ലണ്ടൻ ആംബുലൻസ് സർവീസും മെട്രോപൊളിറ്റൻ പോലീസും സ്ഥലത്തെത്തി.
മെട്രോപൊളിറ്റൻ പോലീസിലെ സ്‌പെഷ്യലിസ്റ്റ് ക്രൈം കമാൻഡാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആദ്യം ഏഴ് പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് അവരെ വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.






