തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ നാല് ദിവസമായി ഉൽപ്പാദന പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. മദ്യം പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്.
കുപ്പി, കേസ്, ലേബൽ, ക്യാപ് തുടങ്ങിയ പായ്ക്കിംഗ് വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം തടസപ്പെട്ടിരിക്കുകയാണ്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് ആരോപണം.
ബെവ്‌കോ എംഡി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പായ്ക്കിംഗ് സാമഗ്രികളുടെ ക്ഷാമം സംബന്ധിച്ച് ടിഎസ്‌സിഎൽ മാനേജർ നാല് തവണ എംഡിക്ക് കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയോ മറുപടിയോ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഉൽപ്പാദനം നിലച്ചതോടെ ബിവറേജസ് കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സാധാരണയായി ദിവസേന 6,000 മുതൽ 10,000 വരെ കേസ് ജവാൻ മദ്യം വിപണിയിലേക്ക് വിതരണം ചെയ്തിരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.






