കൊട്ടിഘോഷിക്കപ്പെട്ട് അധികാരത്തിലേറിയതിന്റെ മധുവിധു കാലം പോലും തീർന്നിട്ടില്ല, അപ്പോഴേക്കും സർക്കാരിനകത്തെ ഏകോപനമില്ലായ്മയുടെ സൂചനകളാണ് പുറത്ത് വരുന്നത്. സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരുടെ നിയമനത്തിലാണ് കൈപൊള്ളിയ അവസ്ഥ. മന്ത്രിമാരുടെ സ്റ്റാഫിലും സർക്കാർ നിയമിക്കേണ്ട തസ്തികകളിലും നിയമിക്കുന്നവരുടെ രാഷ്ട്രീയ-ധാർമിക പരിശോധന കോൺഗ്രസിന് നടത്താനാവുന്നില്ലെന്നാണ് പാർട്ടിക്കുള്ളി നിന്ന് തന്നെയുള്ള പരാതി. നിയമിക്കുന്നവരിൽ മിക്കവരും കോൺഗ്രസ് പശ്ചാത്തലം പോലും ഇല്ലാത്തവരാണെന്നും സിപിഎം-സംഘപരിവാർ ബന്ധമുള്ളഴർക്ക് പോലും നിയമനം കിട്ടിയെന്ന് വരെ ആക്ഷേപങ്ങൾ എത്തി നിൽക്കുകയാണ്.
കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള പാർട്ടി ഭാരവാഹികൾ സർക്കാരിന്റെ ഭാഗമായതോടെ, സംഘടനാതലത്തിൽ കോൺഗ്രസ് മന്ദീഭവിച്ച അവസ്ഥയിലാണ്. പകരം പുതിയ ഒരാൾക്ക് കെപിസിസി അധ്യക്ഷസ്ഥാനം കൈമാറാനും പാർട്ടിക്ക് ഇതുവരെ ആയിട്ടില്ല. ഒരുമാസത്തിനുള്ളിൽ തന്നെ തങ്ങളെ അടിക്കാൻ പ്രതിപക്ഷത്തിന് വടിയെടുത്ത് കൊടുക്കുന്ന നിലയിലാണ് സർക്കാരിപ്പോൾ. മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച ബന്ധുവിനും സർക്കാരിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച കെ.ബി. പ്രദീപിനുമാണ് വിവാദങ്ങൾക്കു പിന്നാലെ രാജിവെക്കേണ്ടിവന്നത്. മൂന്നാമത്തെ വിക്കറ്റ് ആരായിരിക്കുമെന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ആകാംഷ.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിഭാഗത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്നു പ്രദീപ്. ദേവസ്വം ബോർഡിന്റെ കേസുകൾ കൈകാര്യം ചെയ്യുന്നതിനാണ് നിയമിച്ചതെങ്കിലും, അക്കാര്യം ഉത്തരവിൽ പറഞ്ഞിട്ടില്ല. ഇത് ദുരൂഹതയ്ക്ക് ബലം നൽകാൻ പ്രതിപക്ഷം ഉപയോഗിച്ചു. ഈ നിയമനത്തിനു പിന്നിൽ നടന്നത് എന്താണെന്ന് കോൺഗ്രസ് നേതാക്കൾക്കു പോലും വ്യക്തമല്ല. പാർട്ടിയുടെ ഒരുഘടകവും ഈ നിയമനത്തിനായി ശുപാർശ ചെയ്തിട്ടില്ല. വകുപ്പ് മന്ത്രിയായ കെ മുരളീധരൻ വിഷയം അറിഞ്ഞിട്ട് പോലുമില്ലെന്ന് പറയുമ്പോൾ എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കാനായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് തന്നെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തുകൂടായിരുന്നോ എന്ന ചോദ്യം വരുന്നത് സ്വാഭാവികം.
കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവിനെ നിയമിച്ചതാണ് സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയ ആദ്യമുണ്ടായ സംഭവം. മന്ത്രിയുടെ ന്യായീകരണത്തിന് കോൺഗ്രസ് നേതാക്കൾ കാര്യമായ പിന്തുണ നൽകിയില്ലെങ്കിലും അവരുടെ നിശ്ശബ്ദത മന്ത്രിക്ക് പിന്തുണയായി. പക്ഷേ, മന്ത്രിയുടെ കുടുംബാംഗങ്ങളുടെ പലയിടത്തായുള്ള നിയമനപട്ടിക പ്രസിദ്ധീകരിച്ച് സി.പി.എം. രംഗത്ത് വന്നതോടെ രാജിയല്ലാതെ മറ്റ് മാർഗമില്ലാതെയായി. ജനങ്ങളുടെ പിന്തുണ ഇല്ലാതാക്കുന്ന നടപടികളുണ്ടാകരുതെന്ന് ഈ ഘട്ടത്തിൽത്തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതാണ്.
എം.ജി. സർവകലാശാല വൈസ് ചാൻസലറെ നിയമിക്കുന്നതിന് സർക്കാർ പട്ടിക നൽകിയില്ലെന്നതാണ് പ്രതിപക്ഷം ആയുധമാക്കിയ മറ്റൊരു വിഷയം. ഇതോടെ, ഗവർണർ നേരിട്ട് നിയമനം നടത്തി. സംഘപരിവാർ അനുകൂലിയായ ഒരാളെയാണ് വി.സി.യാക്കിയതെന്നും അതിനുവേണ്ടിയുള്ള ‘ഡീലി’ന്റെ ഭാഗമായാണ് സർക്കാർ പട്ടിക നൽകാതിരുന്നത് എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പൊലീസിലും ഐപിഎസ്-ഐഎഎസ് തലത്തിലുമെല്ലാം നിയമനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ സർക്കാരിനെതിരെ വാളെടുത്തിരിക്കുകയാണ്.
സർക്കാർ അഭിഭാഷകരുടെ നിയമന വിവാദത്തിൽ കടുത്ത വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ വിയർത്ത് പണിയെടുത്തവരെയും തെരുവിൽ പോരാടിയവരെയും അവഗണിച്ച് മറ്റ് പാർട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്ന് അദ്ദേഹം വിമർശിച്ചു. ശ്രദ്ധ കുറവ് തുടർച്ചയായി ഉണ്ടായാൽ തക്കം പാർത്തിരിക്കുന്ന ശത്രുക്കൾക്ക് ആയുധമാകുമെന്ന് ഓർമപ്പെടുത്തിയ ജിൻ്റോ ജോൺ, തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്ന് അഭ്യർത്ഥനയും വെക്കുന്നുണ്ട്. ജിന്റോയ്ക്ക് പിന്നാലെ പതിയെ മറ്റ് നേതാക്കളും തങ്ങളുടെ തന്നെ സർക്കാരിനെതിരെ പതിയെ തലപൊക്കുമെന്നുറപ്പ്.
വി.സി. നിയമനത്തിൽ പിണറായി സർക്കാർ ഗവർണറുമായുണ്ടാക്കിയ ഒത്തുതീർപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പ്രതിരോധിക്കുന്നതിനിടയിലാണ്, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിവാദം. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന് ഒരു സമിതിയെ രൂപവത്കരിക്കാൻ കെ.പി.സി.സി. തീരുമാനിച്ചിട്ടുണ്ടെങ്കിലും പാർട്ടിക്ക് ദൈനംദിന കാര്യങ്ങൾ പരിശോധിക്കാൻ ഒരു നാഥൻ പോലും ഇല്ലാത്ത സ്ഥിതിയിലാണിപ്പോൾ കോൺഗ്രസ്. തുടക്കത്തിൽ തന്നെ ഇത്രയും കനത്ത ഏകോപനമില്ലായ്മയാണ് വരുന്നതെങ്കിൽ ഭരണം മുന്നോട്ട് പോകും തോറും കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയാണ് സാധാരണ പ്രവർത്തകരും മുതിർന്ന നേതാക്കളും പങ്കുവെക്കുന്നത്.






