തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത്തിൽ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിലാണ് കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത്. ഇത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ പദവിയുടെ അന്തസിനും യോജിക്കാത്ത നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വർഗീയത പ്രചരിപ്പിക്കുന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മലയാള സർവകലാശാല വിസി ഡോ. സി.ആർ. പ്രസാദ്, എം.ജി സർവകലാശാല വിസി പ്രൊഫ. ഡി. മാവൂത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികളായിട്ടാണ് ഇവർ പങ്കെടുത്തതെന്നാണ് വിവരം.






