കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ യു. അമൃതയെയാണ് കഴിഞ്ഞ ദിവസം മുതൽ ഹോസ്റ്റലിൽ നിന്ന് കാണാതായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡോക്ടറെ കാണാൻ പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞാണ് അമൃത ഹോസ്റ്റലിൽ നിന്ന് പുറത്തുപോയതെന്ന് വിവരമുണ്ട്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് സഹപാഠികളും ഹോസ്റ്റൽ അധികൃതരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദ്ദവും ആശങ്കയും കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാർഥിനി അനുഭവിച്ചിരുന്നുവെന്ന് സഹപാഠികൾ പൊലീസിനോട് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ അമൃത കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 3 മണിയോടെ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായി വ്യക്തമായി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.




