ചെന്നൈ: നടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതിയുടെ പരിഗണനയിൽ എത്തുന്നു. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഓൺലൈൻ വഴി ഹാജരാകുമെന്നാണ് റിപ്പോർട്ട്.
26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ഈ വർഷം ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിലോ പ്രധാന ചടങ്ങുകളിലോ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നതും വലിയ ചർച്ചയായിട്ടുണ്ട്. നടി തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ മുമ്പ് വിവാദമായിരുന്നു.
ഇതിനിടെ ഇരുവരെയും വീണ്ടും ഒത്തുചേർക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടതായി ചില റിപ്പോർട്ടുകൾ പറയുന്നു. പ്രശ്നം സൗഹാർദ്ദപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം. എങ്കിലും ഈ വിഷയത്തിൽ ഇരുവശത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.






