എറണാകുളം: മുനമ്പം തർക്കഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കേന്ദ്രത്തിന്റെ നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
തർക്കഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതിനെതിരെ നേരത്തെ തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. ഭൂമി പോർട്ടലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വഖഫ് മന്ത്രി കിരൺ റിജിജുവിന് കത്തും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്.
മുനമ്പത്തെ തർക്കഭൂമി നിയമവിരുദ്ധമായാണ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെട്ടാൽ അത് വഖഫ് സ്വത്തായി പരിഗണിക്കപ്പെടുകയും പ്രദേശവാസികൾക്ക് ആശങ്കയുണ്ടാകുകയും ചെയ്യുമെന്ന വാദവും ഉയർന്നിട്ടുണ്ട്.
ഭൂമി നിയമപരമായാണോ അല്ലെങ്കിൽ നിയമവിരുദ്ധമായാണോ പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നാണ് കേന്ദ്രം സംസ്ഥാന വഖഫ് ബോർഡിനോട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ബോർഡ് യോഗത്തിന് ശേഷം മറുപടി നൽകുമെന്ന അനൗദ്യോഗിക അറിയിപ്പാണ് കേന്ദ്രത്തിന് ലഭിച്ചിട്ടുള്ളത്.
സാധാരണയായി തർക്കഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ, നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ടോ, ആക്ഷേപമുള്ളവരുടെ അഭിപ്രായം തേടിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ രജിസ്ട്രേഷൻ നടന്നതെന്നും വിമർശനമുണ്ട്.
അതേസമയം, തർക്കം തുടരുന്നുണ്ടെങ്കിലും നിശ്ചിത സമയപരിധി പൂർത്തിയാകുന്നതിന് മുമ്പ് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണ് ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതെന്നായിരുന്നു വഖഫ് ബോർഡിന്റെ മുൻ വിശദീകരണം. കടലെടുത്തുപോയതായി പറയപ്പെടുന്ന ഭൂമിയും രജിസ്റ്റർ ചെയ്ത ഭൂമിയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.






