കല്പറ്റ: പുതിയ ബസുകൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സി ആരംഭിച്ച സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ പ്രതീക്ഷിച്ച വരുമാനം നേടുന്നില്ല. നിലവിലുള്ള സൂപ്പർ ഫാസ്റ്റ് ബസുകൾ മാറ്റിസ്ഥാപിച്ചാണ് ഈ പുതിയ പ്രീമിയം സർവീസുകൾ ആരംഭിച്ചത്.
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടും വരുമാനത്തിൽ വർധനവിന് പകരം ഇടിവാണ് രേഖപ്പെടുത്തുന്നത്. സ്റ്റോപ്പുകൾ കുറച്ചതും പുതിയ ബസുകളിലെ യാത്രാസൗകര്യ കുറവുമാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
ജില്ലയിൽ നിന്ന് ഒൻപത് സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകളാണ് നിലവിലുള്ളത്. കല്പറ്റ–തിരുവനന്തപുരം സർവീസ് മാത്രം 10,000 മുതൽ 15,000 രൂപ വരെ വരുമാന നഷ്ടം നേരിടുന്നതായാണ് കണക്കുകൾ. നേരത്തേ സൂപ്പർ ഫാസ്റ്റ് സർവീസായിരുന്നപ്പോൾ 40,000 മുതൽ 45,000 രൂപ വരെ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ 30,000 മുതൽ 35,000 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.
അവധി ദിവസങ്ങളിൽ 60,000 മുതൽ 70,000 രൂപ വരെ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ 55,000 രൂപയിൽ താഴെയായി. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ സർവീസിന്റെ സ്റ്റോപ്പുകൾ പ്രീമിയം വിഭാഗമാക്കിയതോടെ വെട്ടിച്ചുരുക്കിയതും യാത്രക്കാരുടെ നഷ്ടത്തിന് കാരണമായി.
സുൽത്താൻ ബത്തേരി ഡിപ്പോയിലെ തിരുവനന്തപുരം, പത്തനംതിട്ട സർവീസുകളും വരുമാന കുറവ് നേരിടുന്നു. തിരുവനന്തപുരം സർവീസുകൾക്ക് നേരത്തേ 60,000 രൂപ വരെ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ 50,000 രൂപയിൽ താഴെയായി. പത്തനംതിട്ട സർവീസുകളിൽ ഇത് 40,000 രൂപയിൽ നിന്ന് 30,000 രൂപയ്ക്ക് താഴെയായി കുറഞ്ഞു.
കോയമ്പത്തൂർ സർവീസുകൾക്ക് മറ്റു ബസുകളുടെ കുറവുള്ളതിനാൽ വലിയ വരുമാന നഷ്ടം ഉണ്ടായിട്ടില്ല.
പുതിയ ബസുകളുടെ യാത്രാസൗകര്യക്കുറവാണ് യാത്രക്കാരുടെ പ്രധാന പരാതി. കാലുനീട്ടി ഇരിക്കാനുള്ള സ്ഥലക്കുറവ്, സീറ്റുകളുടെ അസൗകര്യം, ബാഗുകൾ വയ്ക്കാനുള്ള സൗകര്യത്തിന്റെ അഭാവം എന്നിവ യാത്ര ബുദ്ധിമുട്ടാക്കുന്നു. എയർ കണ്ടീഷൻ ഇല്ലാത്തതും ചൂടുകാലത്ത് അസൗകര്യം വർധിപ്പിക്കുന്നു.
വീതി കുറവായ ബസുകളിൽ ദീർഘദൂര യാത്രകൾ ക്ഷീണമേറിയതായും യാത്രക്കാർ പറയുന്നു. ഇതിന്റെ ഫലമായി റിസർവേഷൻ ബുക്കിംഗിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പഴയ സൂപ്പർ ഫാസ്റ്റ് ബസുകളെയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനെയും യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിലും മാറ്റം വന്നിട്ടുണ്ട്.






