ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും പ്രതിയുടെയും കുടുംബങ്ങൾ ബിഹാറിൽ നിന്നുള്ളവരും പ്രദേശത്ത് താമസമാക്കിയവരുമാണെന്ന് പൊലീസ് അറിയിച്ചു.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്‌കറ്റ് നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കുകളോടെ രക്തസ്രാവം സംഭവിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് കൂട്ടബലാത്സംഗ കേസല്ലെന്നും ഒരാൾ മാത്രമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് സംഭവം പുറത്തുവന്നത്. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.






