കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പദ്ധതി ഏകപക്ഷീയവും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹർജിക്കാരൻ.
സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭരണഘടനയുടെ 14-ാം, 15-ാം അനുച്ഛേദങ്ങളുടെ ലംഘനമാണ് ഈ നടപടിയെന്നും ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി സബ്സിഡി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. വരുമാനപരിധി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിക്കാതെ പദ്ധതി നടപ്പാക്കുന്നതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സർക്കാർ ഏകദേശം 800 കോടി രൂപ നൽകുന്നതിന്റെ നിയമസാധുതയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി സമർപ്പിച്ചിരിക്കുന്ന ഹർജി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നതിന് പിന്നാലെയാണ് കോടതിയിലെത്തിയത്.
അതേസമയം, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതി ഇന്നാണ് ഔപചാരികമായി ആരംഭിച്ചത്. ഗതാഗതമന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യ ടിക്കറ്റുകൾ കൈമാറി. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ആദ്യ സൗജന്യ യാത്രാ ബസിൽ പങ്കെടുത്തു.




