തൃശൂർ: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനായ മനോജ് (46) ആണ് ഷോക്കേറ്റ് മരിച്ചത്.
ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനായ മനോജ്, ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിന് സമീപമുള്ള വൈദ്യുതിക്കാലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി കയറിയതായിരുന്നു. ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഷോക്കേറ്റ ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് മനോജിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






