ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ അന്വേഷണം എസ്ഐടിക്ക് കൈമാറി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിൽ എത്തി ഏകദേശം 8 മണിക്കൂറിലധികം പരിശോധന നടത്തി. സംഭാവന പെട്ടികൾ തുറക്കുന്ന പ്രക്രിയ മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും സംഘം പരിശോധിച്ചു.
സംഭാവന പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് എണ്ണുന്നത്. ഏകദേശം 50 ജീവനക്കാർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവരെ ട്രസ്റ്റ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും നിരീക്ഷിക്കുന്നു.
പണം എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ, ജീവനക്കാരെ സംബന്ധിച്ച രേഖകൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിയിൽ പ്രവേശിച്ചവരുടെയും രാജിവെച്ചവരുടെയും വിവരങ്ങൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. സംഭാവനയായി ലഭിക്കുന്ന തുകയും ബാങ്കിൽ നിക്ഷേപിക്കുന്ന തുകയും തമ്മിൽ വ്യത്യാസമുണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കുന്നത്.
ഇതിനിടെ പണം എണ്ണൽ ജോലിയിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്ര ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണം പൂർത്തിയാക്കി 15 ദിവസത്തിനകം സർക്കാർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിന് സൗകര്യമൊരുക്കാൻ ക്ഷേത്ര സമുച്ചയത്തിൽ തന്നെ താൽക്കാലിക എസ്ഐടി ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്.






