കണ്ണൂർ: തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകശ്രമത്തിൽ കലാശിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശിയായ നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നാസറും ഷാഹിദ് എന്നയാളും ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം.
തർക്കം രൂക്ഷമായതോടെ ഷാഹിദ് കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നാസറിന് ഗുരുതര പരിക്കേറ്റു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.






