കായംകുളം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരി പടീറ്റതിൽ അഖിൽ (27) ആണ് കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 25-ന് രാത്രി 9.30ഓടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്താണ് സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും കൂട്ടാളികളും ചേർന്ന് അനിൽകുമാർ എന്നയാളെ കല്ലുകൾ പൊതിഞ്ഞ തുണി ഉപയോഗിച്ച് മുഖത്ത് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായാണ് കേസ്.
ആക്രമണത്തിൽ അനിൽകുമാറിന്റെ മൂക്കും താടിയെല്ലും പൊട്ടിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒന്നാം പ്രതിയായ അഖിൽ എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
കരീലക്കുളങ്ങര എസ്.എച്ച്.ഒ പി.ജെ. നോബിളിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണ്.






