കൊച്ചി: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നുവെന്ന യുവാവിന്റെ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് കോടതി. പത്തനംതിട്ട കുടുംബക്കോടതിയുടേതാണ് വിധി.
മരട് സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. മുൻ ഭാര്യയുടെ വിവാഹേതര ബന്ധം തന്റെ വ്യക്തിജീവിതം തകർത്തുവെന്നാരോപിച്ചായിരുന്നു ഹർജി. വിവാഹ സമയത്ത് വരന്റെ കുടുംബം യുവതിക്ക് നൽകിയ 32 ഗ്രാം സ്വർണാഭരണം അല്ലെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ ആറ് ശതമാനം പലിശ സഹിതം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടർന്നു, മുൻപ് ഗർഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ചു, വിവാഹശേഷവും ഗർഭച്ഛിദ്രം ചെയ്തു എന്നിങ്ങനെയാണ് ഹർജിയിൽ ആരോപിക്കുന്നത്.
2018 ജൂലൈയിലാണ് യുവാവ് ഹർജി നൽകിയത്. അന്നുമുതൽ ആറ് ശതമാനം പലിശയും നൽകണമെന്നും കോടതി നിർദേശിച്ചു. യുവതിയുടെ അമ്മ, സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെയും നഷ്ടപരിഹാരം നൽകുന്നതിൽ ബാദ്ധ്യസ്ഥരാക്കിയിട്ടുണ്ട്. വഞ്ചന, മാനസിക പീഡനം തുടങ്ങിയവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.






