വാഷിംഗ്ടൺ: അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്ത് സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നുവീണ് 12 പേർ മരിച്ച ദുരന്തത്തിൽ ഒരു ഇന്ത്യൻ യുവാവും ഉൾപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ ദാത്ലയാണ് മരിച്ചത്.
കാൻസസ് സിറ്റിയിൽ നിന്ന് ഏകദേശം 80 മൈൽ തെക്കായി സ്ഥിതിചെയ്യുന്ന ബേറ്റ്സ് കൗണ്ടിയിലെ ബട്ലർ മെമ്മോറിയൽ എയർപോർട്ടിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ 11.35ഓടെ സ്കൈഡൈവിംഗ് സംഘവുമായി പറന്നുയർന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വിവരങ്ങൾ പ്രകാരം, കാൻസസ് സിറ്റിയിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്നു കാർത്തിക്. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ മിസ്സോറിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഹെൽത്ത് കെയർ ടെക്നോളജി മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. നിലവിൽ അഡ്വെന്റ് ഹെൽത്ത് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാർത്തിക്, മുമ്പ് കാപ്ജെമിനിയിലും സേവനമനുഷ്ഠിച്ചിരുന്നു.
2010 മോഡൽ പസഫിക് എയ്റോസ്പേസ് 750XL സിംഗിൾ എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും 11 സ്കൈഡൈവർമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. റൺവേയ്ക്ക് സമീപമുള്ള പുൽത്തകിടിയിലേക്ക് പതിച്ച വിമാനം നിമിഷങ്ങൾക്കകം തീപിടിക്കുകയായിരുന്നു.
ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനത്തിന്റെ എൻജിനിൽ തകരാർ സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അടിയന്തര ലാൻഡിങ്ങിനായി സമീപത്തെ ഹൈവേയിലേക്ക് വിമാനം തിരിക്കാൻ പൈലറ്റ് ശ്രമിച്ചിരിക്കാമെന്ന് എയർപോർട്ട് അധികൃതർ സൂചിപ്പിച്ചു.
അപകടത്തിൽ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ ബ്ലാക്ക് ബോക്സ് ഇല്ലാത്തതിനാൽ ദൃക്സാക്ഷികളുടെ മൊഴികളും ചിത്രങ്ങളും വീഡിയോകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരിച്ചവരിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാരാഷൂട്ട് അസോസിയേഷന്റെ ടെക്നോളജി ഡയറക്ടറായ ജെൻ ഷാർപ്പും ഉൾപ്പെടുന്നു. സ്കൈഡൈവിംഗ് രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന വിമാന മോഡലാണ് പസഫിക് എയ്റോസ്പേസ് 750XL. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ വിമാനം വിജയകരമായി ഒൻപത് സർവീസുകൾ പൂർത്തിയാക്കിയിരുന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്.






