കണ്ണൂര്: കണ്ണൂർ വാണിയപ്പാറയിലെ ഇൻഫാന്റ് ജീസസ് ദേവാലയത്തിലെ കല്ലറയിൽ ദുരൂഹതയുണ്ടായതായി റിപ്പോർട്ട്. കല്ലറ തുറന്ന് പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തിയതോടെ ഉള്ളിൽ മൃതദേഹമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നു. സംഭവത്തെ തുടർന്ന് കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം പ്രദേശവാസികളിൽ ആശങ്കയും ദുരൂഹതയും സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹം അടക്കം ചെയ്യാറില്ലെന്നും, വിഷയത്തെക്കുറിച്ച് മുമ്പ് അറിഞ്ഞവരും പുറത്തുപറയാതിരുന്നതായും പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ ആരോപിച്ചു.
അതേസമയം, കല്ലറയിലെ വിവരം പള്ളി തന്നെയാണ് പൊലീസിനെ അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി. കല്ലറയിൽ കണ്ടെത്തിയത് മൃതദേഹമാണോയെന്ന് സംശയമുണ്ടെന്നും, ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരത്തിൽ സംസ്കാരം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹമാണോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വികാരി കൂട്ടിച്ചേർത്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും എല്ലാ കാര്യങ്ങളിലും സഹകരിക്കുമെന്നും പള്ളി അധികൃതർ അറിയിച്ചു.






