കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് നടത്തിയ പുനർനിയമനത്തിൽ ഗണേഷ് കുമാറിന്റെ അംഗത്വം മാത്രമാണ് പുതുക്കി നൽകാതിരുന്നത്.
മറ്റ് എട്ട് അംഗങ്ങൾക്കും വീണ്ടും അവസരം നൽകിയപ്പോൾ, ഗണേഷിന് പകരം ബി.ആർ.കെ. ബാബുവിനെ ഡയറക്ടർ ബോർഡിലേക്ക് ഉൾപ്പെടുത്തി. നേരത്തെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽ നിന്നുമുള്ള അംഗത്വവും ഗണേഷ് കുമാറിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും സ്ഥാനം നഷ്ടമായത്.
പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ വിവാദങ്ങളും ആരോപണങ്ങളും ഗണേഷ് കുമാറിനെതിരെ ഉയർന്നിരുന്നു. പത്മ കഫേ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താലൂക്ക് യൂണിയനിലെ പകുതിയിലധികം അംഗങ്ങൾ രാജിവെച്ചതോടെ യൂണിയൻ പിരിച്ചുവിട്ടിരുന്നു.
അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഗണേഷ് കുമാറിന് അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എൻഎസ്എസ് നേതൃത്വത്തെ വിമർശിച്ച് ഗണേഷ് അടുത്തിടെ നടത്തിയ പരാമർശങ്ങളും ശ്രദ്ധ നേടിയിരുന്നു.




