കൊച്ചി: തെന്മലയിലെ അഭയകേന്ദ്രത്തിൽ വയോധികർ പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വൃദ്ധസദനത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന പീഡനം അതീവ ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നിസ്സംഗത പുലർത്തുകയാണെന്ന വിമർശനവും ഹൈക്കോടതി ഉന്നയിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തെന്മലയിലെ സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ 17-കാരന് മർദനമേറ്റ സംഭവത്തിലും സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയത്. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 11-നാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അഭയകേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെടുന്നതായി വാർത്ത പുറത്തുവന്നത്. കേസിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് നിലവിൽ റിമാൻഡിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
ഇത്തരത്തിലുള്ള ക്രൂരതകൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ സംരക്ഷണം ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ഓർമിപ്പിച്ചു.
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സമാന സ്ഥാപനങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ച കോടതി, തെന്മല സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
അതേസമയം, പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ ഇടുക്കി സ്വദേശിയായ 17-കാരന് മർദനമേറ്റ സംഭവത്തിലും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.






