തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിങ്ങിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്കായി ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ സൂരജും അലോഷ്യസും നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് വിവരങ്ങൾ തേടി. മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.
ചികിത്സയ്ക്ക് ശേഷം സർവീസിലേക്ക് മടങ്ങിയെത്തുമ്പോൾ ഇരുവർക്കും അനുയോജ്യമായ തസ്തികകളിൽ നിയമനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സർക്കാർ ഉറച്ച പിന്തുണയോടെ നിൽക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.




