ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. കോക്റോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
നീറ്റ് പുനഃപരീക്ഷ നടക്കുന്ന ദിവസമായ ഇന്ന് പ്രതിഷേധം കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പ്രതിഷേധത്തിന് കോടതി അനുമതി നൽകിയിരുന്നതെങ്കിലും, പ്രതിഷേധക്കാർ പിന്നീട് സ്ഥലത്ത് തുടരുകയായിരുന്നു.
സിജെപി നേതാവ് അഭിജീത് ദീപ്കെ ജന്തർ മന്തറിൽ തുടരുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് കുടിവെള്ളവും ശുചിമുറി സൗകര്യവും നിഷേധിക്കുന്നുവെന്ന് സിജെപി ആരോപിച്ചു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം നിരാഹാര സമരം ആരംഭിക്കുമെന്ന് കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകനായ സോനം വാങ്ചുക് മുന്നറിയിപ്പ് നൽകി. ജൂൺ 27നകം ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും, അതുണ്ടാകാത്ത പക്ഷം അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദം ദേശീയ തലത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.






