കൊച്ചി: ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘വിസിറ്റർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇത്. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ് നിർമ്മിക്കുന്നത്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവർ സഹനിർമ്മാതാക്കളാണ്. നീതു മാത്യു ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഛായാഗ്രഹണം: എം. കെ., സംഗീതം: അരുൺ മുരളീധരൻ, എഡിറ്റിംഗ്: നിധിൻ രാജ് ആരോൾ, മേക്ക്-അപ്പ്: റോണെക്സ് സേവ്യർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, ശബ്ദ രൂപകൽപ്പന: ജയദേവൻ ചക്കാടത്, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ തുടങ്ങിയവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ.





