കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണസംഘം പുതിയ നിഗമനത്തിലേക്ക്. സ്‌ക്രീന്‍ഷോട്ടിന്റെ “ബുദ്ധികേന്ദ്രം” ജിതിന്‍ ഭാസ്‌കര്‍ അല്ലെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അന്വേഷണം. സ്‌ക്രീന്‍ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചിട്ടുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച ശേഷം പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു. ഫോണ്‍ റീസെറ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രധാന തെളിവുകള്‍ നഷ്ടപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു. ജില്ലാ ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ സ്റ്റേറ്റ് ഫോറന്‍സിക് ലാബിലേക്ക് അയക്കാനാണ് തീരുമാനം.
കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരെ പോലീസ് റിപ്പോര്‍ട്ട് നല്‍കും. സ്‌ക്രീന്‍ഷോട്ട് ഏകദേശം 200 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഇത് ‘വടകര സ്‌ക്വാഡ്’ എന്ന ഗ്രൂപ്പിലേക്കും പിന്നീട് റിബേഷ് രാമകൃഷ്ണന്‍ പങ്കുവെച്ച ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്കും എത്തിയതായാണ് എസ്ഐടിയുടെ നിഗമനം.
ഇതിനിടെ രാഷ്ട്രീയ വിവാദവും ശക്തമായി. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എല്‍. ജി. ലിജീഷ് ജിതിന്‍ ഭാസ്‌കറിനെ പിന്തുണച്ച് രംഗത്തെത്തി. ജിതിന്‍ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും അന്വേഷണം രാഷ്ട്രീയമായി വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഇതിന് മറുപടിയായി ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജിതിന്‍ ഭാസ്‌കറിനെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതിലൂടെ കേസിലെ യഥാര്‍ഥ പ്രതികളെ മറയ്ക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നതും ഷാഫി പറമ്പില്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം തുടരുന്നതിനിടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.





