കണ്ണൂർ: ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.
പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ കൊല്ലാട സ്വദേശിനി അഞ്ജു മാത്യു (30) ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് സോനു സെബാസ്റ്റ്യനും പൈതൽമലയിലെ വാച്ചറായ അരങ്ങം സ്വദേശി സതീശനും പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പരിശീലിക്കുന്നതിനായി ഭർത്താവിനൊപ്പം എത്തിയ അഞ്ജു, വാഹനം കാപ്പിമലയിൽ പാർക്ക് ചെയ്തശേഷം പൈതൽമലയിലേക്ക് കയറിയതായാണ് വിവരം. സന്ദർശന സമയം കഴിഞ്ഞിട്ടും മലയിറങ്ങാതിരുന്നതിനെ തുടർന്ന് ഇവരെ തിരിച്ചയയ്ക്കാൻ എത്തിയ വാച്ചർ സതീശനും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഇതിനിടെയാണ് ഇടിമിന്നലേറ്റത്. ദുർഘടമായ പാതയും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കിലോമീറ്ററുകളോളം ചുമന്നാണ് താഴെയെത്തിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ സോനു സെബാസ്റ്റ്യൻ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലും സതീശൻ ആലക്കോട് സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.
കൊല്ലയാട് സ്വദേശികളായ തങ്കച്ചൻ-മേരി ദമ്പതികളുടെ മകളാണ് അഞ്ജു. കാസർകോട് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് സോനു സെബാസ്റ്റ്യൻ. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ജുവിന്റെ സംസ്കാരം ചൊവ്വാഴ്ച കൊല്ലയാട് സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ നടക്കും.




