സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ലവ് ആൻഡ് വാർ’യുടെ സെറ്റിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ചന്ദ്രധാരി സിംഗ് യാദവ് (42) എന്ന കാർപെന്ററാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
മുംബൈയിലെ ഫിലിം സിറ്റിയിലുള്ള റോയൽ പാംപ് സ്റ്റുഡിയോയിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ജൂൺ 17-ന് പുലർച്ചെ, നടി ആലിയ ഭട്ട് അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരിച്ച യാദവിന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. സഹപ്രവർത്തകർ അദ്ദേഹത്തെ കഴിവുള്ള സാങ്കേതിക വിദഗ്ധനായി അനുസ്മരിച്ചു.
അപകടത്തിന് പിന്നാലെ ബൻസാലി പ്രൊഡക്ഷൻസ് കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എന്നാൽ തുക 50 ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ആവശ്യപ്പെട്ടു. കൂടാതെ, കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഭാര്യയ്ക്ക് ജോലി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
സിനിമാ സെറ്റുകളിലെ സുരക്ഷാ വീഴ്ചകളും ജോലി സാഹചര്യങ്ങളും സംബന്ധിച്ച് സംഭവം വലിയ ചർച്ചകൾക്ക് കാരണമായി. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ നീണ്ട സമയത്തോളം തുടർച്ചയായി ജോലി ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ബോളിവുഡിലെ വലിയ പ്രതീക്ഷയുള്ള പദ്ധതികളിൽ ഒന്നാണ്.




