കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിക്ക് ചികിത്സ നൽകിയ ശേഷം രോഗം ഭേദമായതോടെ ആശുപത്രി വിട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54 വയസ്സുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. ജൂൺ മാസത്തിൽ മാത്രം ജില്ലയിൽ നാൽപതിലധികം ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.





