കണ്ണൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് മട്ടന്നൂരിൽ തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ശിവപുരത്താണ് സംഭവം. ബസിലുണ്ടായിരുന്ന 42 യാത്രക്കാരും സുരക്ഷിതരായതിനാൽ വൻ ദുരന്തം ഒഴിവായി.
മാനന്തവാടിയിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീപിടിത്തമുണ്ടായത്. ശിവപുരം ടൗണിലെത്തിയപ്പോൾ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തി. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും അവരുടെ ബാഗുകളും മറ്റ് സാധനങ്ങളും മാറ്റുകയും ചെയ്തു.
യാത്രക്കാരെ ഇറക്കിയതിന് തൊട്ടുപിന്നാലെ ബസിൽ പൊട്ടിത്തെറിയുണ്ടായി. തുടർന്ന് തീ ആളിപ്പടർന്ന് ബസ് പൂർണമായും കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്നെത്തിയ അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് തീയണച്ചെങ്കിലും ബസ് രക്ഷിക്കാനായില്ല.
തീപിടിത്തത്തിൽ സമീപത്തുണ്ടായിരുന്ന രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഒരു ബേക്കറിയുടെയും ഫ്രൂട്ട്‌സ് കടയുടെയും നെയിംബോർഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സമീപത്തെ മുസ്ലിം ലീഗ് ഓഫീസിന്റെ ജനലിനും തീയുടെ ആഘാതത്തിൽ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.
ഉംറ തീർഥാടകർ രണ്ട് ബസുകളിലായാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ ബസിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.






