ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണം അവസാനിച്ചതോടെ പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാം വീണ്ടും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിത്തുടങ്ങി. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജൂൺ 22 വരെ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിയന്ത്രണം പിൻവലിച്ചതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലിഗ്രാം വീണ്ടും ലഭ്യമായി. നിരവധി ഉപയോക്താക്കൾക്ക് സേവനം സാധാരണ നിലയിലായിട്ടുണ്ടെങ്കിലും ചിലർക്ക് ഇപ്പോഴും ആപ്പ് പൂർണമായി പ്രവർത്തിക്കുന്നില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
സന്ദേശങ്ങൾ അയക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പരാതിപ്പെട്ട ഒരു ഉപയോക്താവിന്, “ഇത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല, നിങ്ങളുടെ സർക്കാരിനോട് ചോദിക്കൂ” എന്നായിരുന്നു ടെലിഗ്രാമിന്റെ ഔദ്യോഗിക മറുപടി.
അതേസമയം, ആൻഡ്രോയിഡിൽ സേവനം പുനഃസ്ഥാപിച്ചെങ്കിലും ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ ആപ്പ് സ്റ്റോറിൽ ടെലിഗ്രാം പൂർണമായും ലഭ്യമല്ലെന്ന പരാതിയും ഉയരുന്നുണ്ട്.
മേയ് 3-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21-ന് നടന്ന പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനായി ഐടി ആക്ട് സെക്ഷൻ 69എ പ്രകാരം കേന്ദ്ര ഐടി മന്ത്രാലയം ജൂൺ 16 മുതൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രധാന നിയന്ത്രണങ്ങൾ അവസാനിച്ചെങ്കിലും, ടെലിഗ്രാമിലെ ‘മെസേജ് എഡിറ്റിങ്’ ഫീച്ചറിന് മേലുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരും. പരീക്ഷയ്ക്ക് ശേഷം സന്ദേശങ്ങളുടെ ടൈംസ്റ്റാംപ് മാറ്റാതെ ചോദ്യപേപ്പറുകൾ ചേർത്ത് വ്യാജ ചോർച്ചാ തെളിവുകൾ സൃഷ്ടിക്കുന്നത് തടയാനാണ് ഈ നടപടി.






