ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സിഗേഹള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്. സോമസുന്ദരം, ഭാര്യ മുത്തുലക്ഷ്മി, മകൾ സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശ്വേതയ്ക്ക് കെന്നത്തുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ കുടുംബം ഇതിനെ ശക്തമായി എതിർത്തതാണെന്നുമാണ് വിവരം. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, കത്തി ഉപയോഗിച്ച് മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ചതായി ആരോപിക്കുന്നു. സംഭവത്തിന് ശേഷം ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അപ്പാർട്ട്‌മെന്റിൽ നിന്ന് ബഹളം കേട്ട് എത്തിയ അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കെ.ആർ പുരം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ശ്വേതയും കെന്നത്തും ആന്ധ്രാപ്രദേശ് അല്ലെങ്കിൽ തമിഴ്നാട് ഭാഗത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തിൽ അതിർത്തികളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.






