മലപ്പുറം: ലഹരിയുടെ സ്വാധീനത്തിൽ സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
പ്രദേശത്തെ ഒരു ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് ഇയാൾ കുഞ്ഞിനെയും കൂട്ടി പുറത്തേക്കിറങ്ങിയത്.
കടുത്ത ലഹരിയിലായിരുന്ന യുവാവ് കുഞ്ഞിനെ വായുവിലേക്ക് ഉയരത്തിൽ എറിഞ്ഞും വീണ്ടും പിടിച്ചും അഭ്യാസപ്രകടനം നടത്തിയതായി ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ ഇടപെട്ട് യുവാവിനെ തടഞ്ഞുനിർത്തുകയും കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
സംഭവവിവരം അറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നയാളാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മുൻപ് കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ആ സംഭവത്തിന് ശേഷം മറ്റൊരു കുട്ടി നിലവിൽ വലിയമ്മയുടെ സംരക്ഷണത്തിലാണെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആവശ്യമായ കൗൺസിലിംഗും നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






