തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേടും വകമാറ്റലും നടന്നതായി വ്യക്തമാക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മുൻ സർക്കാരിന്റെ ധനമാനേജ്‌മെന്റിലെ വൻ പാളിച്ചകൾ തുറന്നുകാണിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് കോടികൾ വകമാറ്റിയതിനൊപ്പം കിഫ്ബിയും പെൻഷൻ കമ്പനിയും വഴി വരുത്തിവെച്ച ഓഫ് ബജറ്റ് കടമെടുപ്പുകൾ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് സിഎജിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇത് തികച്ചും ക്രമവിരുദ്ധമായ നടപടിയാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മിയും റവന്യു കമ്മിയും കൃത്രിമമായി കുറച്ചു കാണിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായാണ് ഈ വകമാറ്റൽ നടന്നതെന്ന് റിപ്പോർട്ട് വിശദമാക്കുന്നു. ദുരന്തബാധിതരെ സഹായിക്കാനായി പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച സംഭാവനകളുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്ന ഗുരുതരമായ കണ്ടെത്തലാണിത്.






