വാഷിങ്ടൺ: അമേരിക്കൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നീക്കവുമായി ട്രംപ് ഭരണകൂടം. പൗരത്വ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിക്കാൻ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിർദ്ദേശം സമർപ്പിച്ചു.
നിലവിൽ വരുമാനം കുറഞ്ഞ അപേക്ഷകർക്ക് ലഭിക്കുന്ന ഫീസ് ഇളവുകൾയും ആനുകൂല്യങ്ങളും പൂർണ്ണമായും നിർത്തലാക്കാനാണ് ശുപാർശ. പൗരത്വ അപേക്ഷാ ഫീസിൽ ഏകദേശം 75 ശതമാനം വരെ വർധനവാണ് പരിഗണിക്കുന്നത്. ഈ തീരുമാനം അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് എച്ച്-1ബി വിസയിലൂടെ എത്തിയ ശേഷം ഗ്രീൻ കാർഡ് നേടിയ പ്രൊഫഷണലുകളാണ് കൂടുതലായി ബാധിക്കപ്പെടുക.
പുതിയ നീക്കത്തോടെ പൗരത്വം നേടാൻ ആഗ്രഹിക്കുന്ന മധ്യവർഗ്ഗ കുടുംബങ്ങൾക്കും വിരമിച്ച പ്രവാസികൾക്കും വലിയ സാമ്പത്തിക ഭാരമുണ്ടാകുമെന്ന് വിലയിരുത്തുന്നു. ഫീസ് ഇളവുകൾ ഇല്ലാതാകുന്നതോടെ അപേക്ഷകർക്ക് മുഴുവൻ തുകയും സ്വന്തം കയ്യിൽ നിന്ന് നൽകേണ്ട സാഹചര്യമാകും.






