തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് കോടതി നടപടി.
തെളിവുകൾ ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് വീട്ടിലെത്തി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ നേരത്തെ തന്നെ പിടിച്ചെടുത്തിട്ടുണ്ടെന്നും മോഹൻദാസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കസ്റ്റഡി അപേക്ഷ നൽകാതെയാണ് പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു. തുടർന്ന് പ്രോസിക്യൂഷന്റെ കസ്റ്റഡി ആവശ്യം നിരസിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സംഘപരിവാർ സഹയാത്രികനായ ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്യൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാൻ ശ്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബി.എൻ.എസ് 192, ബി.എൻ.എസ് 353(1)(ബി), ബി.എൻ.എസ് 79, കേരള പൊലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ ഭൂരിഭാഗത്തിനും മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാൽ ബി.എൻ.എസ് 353(1)(ബി) ജാമ്യമില്ലാ വകുപ്പായതിനാൽ കേസിലെ ജാമ്യനടപടി നിർണായകമായിരുന്നു.












