ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തിലെ ചില അംഗങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെയും ഹർജി നൽകിയിട്ടുണ്ട്.
രണ്ട് ഹർജികളും വ്യാഴാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഈ വർഷത്തെ വൃശ്ചിക ഏകാദശി നവംബർ 21നാണ്. അന്നുതന്നെ ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ നടത്താൻ നിർദേശം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഉദയാസ്തമയ പൂജ ഒക്ടോബർ 22ന് നടത്താനുള്ള നീക്കം നടക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഈ നീക്കം തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ തിരക്ക് കണക്കിലെടുത്ത് തുലാമാസത്തിലേക്ക് മാറ്റാനുള്ള തീരുമാനം നേരത്തെ ദേവസ്വം ഭരണസമിതി സ്വീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തവണ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഭക്തരുടെ തിരക്കിനേക്കാൾ വിഗ്രഹത്തിന്റെ ചൈതന്യവും ക്ഷേത്രാചാരങ്ങളും പരിഗണിച്ചായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ വർഷത്തെ ഇല്ലംനിറ പൂജ ഓഗസ്റ്റ് 18നാണ് നടക്കുന്നത്. നേരത്തെ നമസ്കാര മണ്ഡപത്തിൽ നടത്തിയിരുന്ന ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്താനാണ് ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൂജയുടെ സ്ഥലം മാറ്റിയതെന്നാണ് ദേവസ്വത്തിന്റെ നിലപാട്.
എന്നാൽ ഇല്ലംനിറ പൂജ ക്ഷേത്രത്തിലെ പ്രധാന ആചാരത്തിന്റെ ഭാഗമാണെന്നും അതിന്റെ നടത്തിപ്പിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുഴക്കര ചേന്നാസ് ഇല്ലത്തിലെ പി.സി. ഹരി ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറും അഭിഭാഷകൻ എ. കാർത്തിക്കും ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഹർജികൾ 13ന് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്യാൻ കോടതി തീരുമാനിച്ചു.




